മുജ്ജന്മത്തില്‍ കൊടുംപാപം
ചെയ്തവരാവും സ്ത്രീകളായി ജനിക്കുന്നത്. പണ്ടത്തെ അമ്മൂമ്മമാര്‍ പറയുന്നത്
കേട്ടിട്ടുണ്ട് ‘മണ്ണായിപ്പിറന്നാലും മരമായി പിറന്നാലും പെണ്ണായി പിറക്കല്ലേ’
എന്ന്. വര്‍ഷങ്ങളുടെ ജീവിത രീതി ഒരുക്കി തന്ന ദുര്‍ബലമായ ശരീരത്തില്‍ ഏതു വിഷമവും
നേരിടാനുള്ള കരുത്തുമായി ജീവിക്കുമ്പോള്‍ തന്നെ എന്തെല്ലാം പ്രശ്നങ്ങളാണ്
നേരിടേണ്ടി വരുന്നത്.
ജനനത്തില്‍ തന്നെ തുടങ്ങുന്നു,
ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരേ രീതിയില്‍ സ്വാഗതം ചെയ്യുന്നവര്‍ ഇപ്പോഴും
കുറവ് . ആടോ പശുവോ പ്രസവിച്ചാല്‍ കുട്ടി പെണ്ണ് ആയാല്‍ സന്തോഷം. മനുഷ്യക്കുട്ടി ആണും വേണം. അവനവന് ഗുണമുള്ളത്
മതി ! ചിലര്‍ ഈ സമൂഹത്തില്‍ ഒരു പെണ്‍കുട്ടിയെ
വളര്‍ത്തികൊണ്ട് വരുന്നത് ആലോചിക്കുമ്പോള്‍ ഇങ്ങനെ ചിന്തിച്ചു പോകുന്നതാവും. ആരെയൊക്കെ പേടിച്ചാല്‍ പിന്നെ ജീവിക്കാന്‍
പറ്റും. ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ടു വന്നാലും
പിന്നെയും പിടിച്ചു നില്‍ക്കുന്നത് മനക്കരുത്ത് ഒന്ന് കൊണ്ട് മാത്രം. വകതിരിവും
ബോധവും ഉള്ള മാതാപിതാക്കളാണ് ഇപ്പോള്‍ കൂടുതല്‍ എന്നത് കൊണ്ട് നല്ല രീതിയില്‍
വിദ്യാഭ്യാസം ചെയ്യിക്കാനും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാനും അവര്‍
ശ്രദ്ധിച്ചുകാണുന്നു. പണ്ടാണെങ്കില്‍ ‘പെണ്ണല്ലേ അത്രയും പഠിച്ചാല്‍ മതി , ഇനി അടുക്കളപ്പണി
പഠിക്കട്ടെ ‘ എന്ന് തീരുമാനമുണ്ടാകും. ഇപ്പോള്‍ പഠിച്ചോളു കൂടെ അടുക്കളയും
പഠിക്കണം എന്നൊരു വ്യത്യാസം. ഇല്ലെങ്കില്‍ ‘ചെന്ന് കേറുന്ന വീട്ടില്‍ എന്‍റെ മോള്‍ക്ക്
ജീവിക്കാനാവില്ല’ എന്നത് കൊണ്ട് . ആണായാലും പെണ്ണായാലും ആവശ്യം വന്നാല്‍ ഭക്ഷണം
തയ്യാറാക്കാന്‍ പഠിച്ചിരിക്കണം എന്ന് തന്നെയാണ് നീലിയുടെയും അഭിപ്രായം.
ഇവിടെ കണ്ടു വളര്‍ന്നതും
ഇവിടുത്തെ സാഹചര്യങ്ങളും വര്‍ഷങ്ങളായി ഇങ്ങനെ തന്നെ ആയിരുന്നത് കൊണ്ട് ഒരു
സ്ത്രീക്കും അതിലൊന്നും ബുദ്ധിമുട്ട് തോന്നുകയുമില്ല. പല വീടുകളിലും സ്ത്രീകളെ
എല്ലാ കാര്യത്തിലും സഹായിക്കാന്‍ പുരുഷന്മാരും ഉണ്ടെന്നുള്ളത് വളരെ ആശ്വാസം
തോന്നിക്കുന്ന കാര്യവുമാണ്.
ഇവിടുത്തെ സ്ത്രീകള്‍
ദുരിതപ്പെട്ടു മാത്രം ജീവിക്കുന്നെന്നു പറയാനോ പുരുഷന്മാരെ കുറ്റപ്പെടുത്താനോ അല്ല നീലി ഇവിടെ ശ്രമിക്കുന്നത്. സ്ത്രീകളെ
പരിഹാസത്തിന്റെ കണ്ണിലൂടെ നോക്കുന്നതുപോലെ ചില കാഴ്ചകള്‍ തോന്നിപ്പിച്ചപ്പോള്‍
പറഞ്ഞു പോകുന്നതാണ്. സോഷ്യല്‍ മീഡിയയില്‍ ഈയിടെ കണ്ട ചില കാര്യങ്ങള്‍
നീലിയെക്കൊണ്ട് പറയിപ്പിക്കുന്നതാണ്. മുന്‍ ലോകസുന്ദരി “അമ്മയായി “ എന്നതാണ് ഒരു
തെറ്റ്. പ്രസവം കഴിഞ്ഞു ഇതൊരു സ്ത്രീയെയും പോലെ അവരും തടി വച്ചു. ആ ഫോട്ടോയും
കൊടുത്തു വല്യ ആഘോഷം തന്നെ നടന്നു ഇവിടെ. അതിന്റെ താഴെ കണ്ട കമന്റുകള്‍ ഏറെ അസ്വസ്ഥതയുണ്ടാക്കി. പെറ്റ് നെയ്യിറങ്ങിയതാവും,
ആണുങ്ങളോട് കളിച്ചാല്‍ ഇങ്ങനിരിക്കും തുടങ്ങി
വളരെ മോശമായി കുറെ വാചകങ്ങള്‍. കഴിഞ്ഞ
ദിവസങ്ങളില്‍ മറ്റൊരു നടിയെ കുറിച്ച് അവര്‍ ഒരു ചാനലില്‍ അവതരിപ്പിക്കുന്ന
പരിപാടിയുടെ പേരിനെ സാമ്യപ്പെടുത്തി പരിഹാസധ്വനിയില്‍ ഒരു തലക്കെട്ടുമായി ഗര്‍ഭിണിയായ
അവരുടെ ഫോട്ടോയും വച്ചു ആഘോഷിക്കുന്നു. ഈ പറഞ്ഞവരോന്നും അമ്മയുടെ ഗര്‍ഭപാത്രത്തില്‍
നിന്നും വന്നവരല്ല എന്നുണ്ടാവുമോ എന്ന് നീലിക്കൊരു സംശയം. സ്വന്തം ഭര്‍ത്താവിന്റെ
കുഞ്ഞിനെ ഗര്‍ഭം ധരിച്ചു പ്രസവിക്കാന്‍ ഇവര്‍ തയ്യാറായി എന്നുള്ളതാണ് ഇവര്‍ ചെയ്ത
തെറ്റ്. ഈ ആഘോഷത്തില്‍ പങ്കുകൊണ്ടവരാരും വിവാഹം കഴിക്കില്ലയെന്നും അഥവാ വിവാഹം
കഴിച്ചാല്‍ ഭാര്യ ഗര്‍ഭം ധരിച്ചു പ്രസവിക്കുക എന്ന പരിഹാസ്യമായ കര്‍മ്മത്തിന്
ഒരുങ്ങില്ലയെന്നും നീലി വിശ്വസിക്കുന്നു. അമ്മയെന്ന
വാക്കിന്റെ അര്‍ഥം അറിയണമെങ്കില്‍ മനുഷ്യത്വം വേണം. ഗര്‍ഭത്തില്‍ ഉള്ള ഒരു
കുഞ്ഞിനെ ഇല്ലാതാക്കാന്‍ എളുപ്പമാണ്, അതിന്റെ ബുദ്ധിമുട്ടുകള്‍ സഹിച്ചു പ്രസവിക്കാന്‍
തയ്യാരാകുരച്ചു പ്രയാസവും.
പിന്നീട് നീലി കാണുന്ന
മറ്റൊരു കാഴ്ച സ്ത്രീകളുടെ വസ്ത്ര ധാരണ രീതിക്കെതിരെയുള്ളതാണ്. ആണായാലും
പെണ്ണായാലും മാന്യമായി വസ്ത്രം ധരിക്കണം. ചിലരുടെ വസ്ത്രധാരണം കാണുമ്പോള്‍ മോശം
എന്ന് പറഞ്ഞു പോകുന്നതു ഈ നാട്ടില്‍ അത് ശീലമില്ലാത്തതിനാല്‍ ആവും. അവര്‍ ഇവിടെ
വിചിത്ര ജീവിയാകും. തന്റെ ശരീര ഭംഗി നാലാളെ കാണിച്ചേ അടങ്ങൂ എന്ന് വേറെ ഒരു
കൂട്ടര് . ഇതിനൊന്നും ചോദിക്കാനും പറയാനും വീട്ടില്‍ ആരുമില്ലേ എന്ന്
തോന്നിപ്പോകും. ഈ ആക്ഷേപം സ്ത്രീകളെ കുറിച്ച് മാത്രം പറയുന്നതിനോടും നീലിക്ക്
എതിര്‍പ്പുണ്ട്. ജിമ്മില്‍ പോയി മസില്‍ പെരുപ്പിച്ചു വന്നിട്ട് ഇറുകിയ ഷര്‍ട്ടും
പാന്റ്സും ഇട്ടു ഇപ്പോള്‍ പൊട്ടും എന്ന പോലെ നില്‍ക്കുന്ന പയ്യന്മാരും ഒട്ടും കുറവല്ല.
ഈ വക വസ്ത്ര ധാരണം കൊണ്ടാണ്
സ്ത്രീപീഡനം കൂടുന്നതെന്ന് വേറൊരു കണ്ടുപിടിത്തം. രണ്ടും മൂന്നും വയസ്സുള്ള
കുട്ടികള്‍ മുതല്‍ എഴുപതുകളില്‍ ഉള്ള വൃദ്ധര്‍ വരെ ഇക്കാരണം കൊണ്ട്
പീഡിപ്പിക്കപ്പെടുന്നു എന്നും കൂടി പറയണമെന്നാണ് ഈ കണ്ടുപിടിത്തക്കാരോട് നീലിക്ക്
പറയാനുള്ളത്. പത്തും പന്ത്രണ്ടും വയസ്സില്‍ ഉള്ള ആണ്‍ കുട്ടികള്‍ ശാരീരികമായി പീഡിപ്പിക്കപ്പെടുന്നതിനൊക്കെ
എന്ത് കാരണം പറയണം. വസ്ത്രധാരണം പണ്ട് കാലത്തേക്കാള്‍ എത്രയോ മാന്യമായിട്ടുണ്ട് .
സിനിമകളില്‍ പോലും പണ്ടത്തെ നടിമാരുടെ വേഷത്തെ അപേക്ഷിച്ചു എത്രയോ മാന്യമാണ്
ഇന്ന്. ശരീര പ്രദര്‍ശനം മാത്രം ഉദ്ദേശിച്ചുള്ള സിനിമകള്‍ അല്ല പരാമര്‍ശിച്ചത്.
അപ്പോള്‍ മാറ്റം വന്നത് ആള്‍ക്കാരുടെ കാഴ്ച്ചപ്പാടിനാണ്. ഇറുകിക്കിടക്കുന്ന വേഷത്തില്‍ ഒരു പെണ്ണിനെ
കണ്ടാല്‍ നിയന്ത്രണം വിട്ടുപോകുന്നവര്‍ തീര്‍ച്ചയായും ഞരമ്പുരോഗത്തിനു ചികില്‍സ
തേടണം.
ഒരു പെണ്ണ് വിവാഹം
കഴിക്കുന്നില്ലയെന്നു തീരുമാനിച്ചാല്‍ ‘അവള്‍ കുഴപ്പക്കാരി’ ആണെന്ന് വിധിയെഴുതുന്നു.
എന്തെങ്കിലും ഉറക്കെപറയാനുള്ള ചങ്കൂറ്റം കൂടെയുണ്ടെങ്കില്‍ അവള്‍ അഹങ്കാരി. ഫെമിനിസ്റ്റ്.
സ്ത്രീ സമത്വം ഒന്നും നീലിയുടെ ആവശ്യങ്ങളില്‍ ഇല്ല. ആവശ്യത്തിന് സ്വാതന്ത്ര്യം
നീലി അനുഭവിക്കുന്നുണ്ട്, അതില്ലാത്തവരെയോര്‍ത്തു വിഷമവും ഉണ്ട്. എല്ലാ അര്‍ത്ഥത്തിലും
സമത്വം നടക്കാത്ത കാര്യം. പക്ഷെ, സ്ത്രീയും പുരുഷനും ഒരേ പോലെ ചെയ്യുന്ന
തെറ്റുകളില്‍ സ്ത്രീയുടെ ഭാഗം കൂടുതല്‍ പൊലിപ്പിച്ചു കാണിക്കപ്പെടുന്നത്
അന്യായമല്ലേ? ബസിനുള്ളില്‍ ഉപദ്രവം ഏല്‍ക്കാതെ യാത്ര ചെയ്തിട്ടുള്ള സ്ത്രീകള്‍
വിരളം ആകും. അതിനെതിരെ ശബ്ദം വച്ചാല്‍ ആദ്യം ആ സ്ത്രീയാണ് മറ്റുള്ളവര്‍ക്ക് കാഴ്ചവസ്തു.
അത് കൊണ്ട് തന്നെ പലപ്പോഴും പ്രതികരിക്കാതെ ഒഴിഞ്ഞു മാറി പോകുന്നവര്‍ എത്രയാണ്. ചിലര്‍
പറയും ഒരു ‘നോട്ടം’ മതി ഇത്തരക്കാരെ നേരിടാനെന്നു. ചിലപ്പോള്‍ ഫലിച്ചേക്കും
എന്നതെയുള്ളൂ അതിനു ഗാരന്റി..
ഇവിടെ നിയമങ്ങള്‍ പൊതുവേ
സ്ത്രീകള്‍ക്ക് അനുകൂലമെന്ന്‍ പറയാറുണ്ട്. സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്ക്
അവരുടെ മൊഴി മാത്രം മതി. ഇതിനൊരു മറുവശം കൂടിയുണ്ട്. വീടുകളില്‍
പീഡിപ്പിക്കപ്പെടുന്ന ഭൂരിപക്ഷം സ്ത്രീകളും അത് പുറം ലോകമറിയാതെ, പരാതികള്‍
ഇല്ലാതെ സഹിക്കുന്നു. വേറൊരു കൂട്ടര്‍ പുരുഷന്മാരെ എങ്ങനെ ദ്രോഹിക്കാം എന്ന
ലക്ഷ്യത്തിനായി ദുരുപയോഗപ്പെടുത്തുന്നു. ചുരുക്കം അര്‍ഹതയുള്ളവരില്‍ ഇത്
എത്തുന്നില്ല.
വാല്
നീലിക്ക് കുറെ കൂടി പറയാനുണ്ട് , പിന്നാലെയാവാം :)