2012, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

പെണ്ണല്ലേ ! ഇങ്ങനൊക്കെ തന്നെ !!!





മുജ്ജന്മത്തില്‍ കൊടുംപാപം ചെയ്തവരാവും സ്ത്രീകളായി ജനിക്കുന്നത്. പണ്ടത്തെ അമ്മൂമ്മമാര്‍ പറയുന്നത് കേട്ടിട്ടുണ്ട് ‘മണ്ണായിപ്പിറന്നാലും മരമായി പിറന്നാലും പെണ്ണായി പിറക്കല്ലേ’ എന്ന്. വര്‍ഷങ്ങളുടെ ജീവിത രീതി ഒരുക്കി തന്ന ദുര്‍ബലമായ ശരീരത്തില്‍ ഏതു വിഷമവും നേരിടാനുള്ള കരുത്തുമായി ജീവിക്കുമ്പോള്‍ തന്നെ എന്തെല്ലാം പ്രശ്നങ്ങളാണ് നേരിടേണ്ടി വരുന്നത്.

ജനനത്തില്‍ തന്നെ തുടങ്ങുന്നു, ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഒരേ രീതിയില്‍ സ്വാഗതം ചെയ്യുന്നവര്‍ ഇപ്പോഴും കുറവ്‌ . ആടോ പശുവോ പ്രസവിച്ചാല്‍ കുട്ടി പെണ്ണ് ആയാല്‍  സന്തോഷം.  മനുഷ്യക്കുട്ടി ആണും വേണം. അവനവന് ഗുണമുള്ളത് മതി ! ചിലര്‍ ഈ സമൂഹത്തില്‍  ഒരു പെണ്‍കുട്ടിയെ വളര്‍ത്തികൊണ്ട് വരുന്നത് ആലോചിക്കുമ്പോള്‍ ഇങ്ങനെ ചിന്തിച്ചു പോകുന്നതാവും.  ആരെയൊക്കെ പേടിച്ചാല്‍ പിന്നെ ജീവിക്കാന്‍ പറ്റും. ആത്മവിശ്വാസം തകര്‍ക്കുന്ന രീതിയില്‍ വളര്‍ത്തിക്കൊണ്ടു വന്നാലും പിന്നെയും പിടിച്ചു നില്‍ക്കുന്നത് മനക്കരുത്ത് ഒന്ന് കൊണ്ട് മാത്രം. വകതിരിവും ബോധവും ഉള്ള മാതാപിതാക്കളാണ് ഇപ്പോള്‍ കൂടുതല്‍ എന്നത് കൊണ്ട് നല്ല രീതിയില്‍ വിദ്യാഭ്യാസം ചെയ്യിക്കാനും സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാനും അവര്‍ ശ്രദ്ധിച്ചുകാണുന്നു. പണ്ടാണെങ്കില്‍ ‘പെണ്ണല്ലേ  അത്രയും പഠിച്ചാല്‍ മതി , ഇനി അടുക്കളപ്പണി പഠിക്കട്ടെ ‘ എന്ന് തീരുമാനമുണ്ടാകും. ഇപ്പോള്‍ പഠിച്ചോളു കൂടെ അടുക്കളയും പഠിക്കണം എന്നൊരു വ്യത്യാസം. ഇല്ലെങ്കില്‍ ‘ചെന്ന് കേറുന്ന വീട്ടില്‍ എന്‍റെ മോള്‍ക്ക്‌ ജീവിക്കാനാവില്ല’ എന്നത് കൊണ്ട് . ആണായാലും പെണ്ണായാലും ആവശ്യം വന്നാല്‍ ഭക്ഷണം തയ്യാറാക്കാന്‍ പഠിച്ചിരിക്കണം എന്ന് തന്നെയാണ് നീലിയുടെയും അഭിപ്രായം.

ഇവിടെ കണ്ടു വളര്‍ന്നതും ഇവിടുത്തെ സാഹചര്യങ്ങളും വര്‍ഷങ്ങളായി ഇങ്ങനെ തന്നെ ആയിരുന്നത് കൊണ്ട് ഒരു സ്ത്രീക്കും അതിലൊന്നും ബുദ്ധിമുട്ട് തോന്നുകയുമില്ല. പല വീടുകളിലും സ്ത്രീകളെ എല്ലാ കാര്യത്തിലും സഹായിക്കാന്‍ പുരുഷന്മാരും ഉണ്ടെന്നുള്ളത് വളരെ ആശ്വാസം തോന്നിക്കുന്ന കാര്യവുമാണ്.

ഇവിടുത്തെ സ്ത്രീകള്‍ ദുരിതപ്പെട്ടു മാത്രം ജീവിക്കുന്നെന്നു പറയാനോ പുരുഷന്മാരെ കുറ്റപ്പെടുത്താനോ  അല്ല നീലി ഇവിടെ ശ്രമിക്കുന്നത്. സ്ത്രീകളെ പരിഹാസത്തിന്റെ കണ്ണിലൂടെ നോക്കുന്നതുപോലെ ചില കാഴ്ചകള്‍ തോന്നിപ്പിച്ചപ്പോള്‍ പറഞ്ഞു പോകുന്നതാണ്. സോഷ്യല്‍ മീഡിയയില്‍ ഈയിടെ കണ്ട ചില കാര്യങ്ങള്‍ നീലിയെക്കൊണ്ട് പറയിപ്പിക്കുന്നതാണ്. മുന്‍ ലോകസുന്ദരി “അമ്മയായി “ എന്നതാണ് ഒരു തെറ്റ്‌. പ്രസവം കഴിഞ്ഞു ഇതൊരു സ്ത്രീയെയും പോലെ അവരും തടി വച്ചു. ആ ഫോട്ടോയും കൊടുത്തു വല്യ ആഘോഷം തന്നെ നടന്നു ഇവിടെ. അതിന്റെ താഴെ കണ്ട കമന്റുകള്‍ ഏറെ  അസ്വസ്ഥതയുണ്ടാക്കി. പെറ്റ് നെയ്യിറങ്ങിയതാവും, ആണുങ്ങളോട് കളിച്ചാല്‍  ഇങ്ങനിരിക്കും തുടങ്ങി വളരെ മോശമായി  കുറെ വാചകങ്ങള്‍. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റൊരു നടിയെ കുറിച്ച് അവര്‍ ഒരു ചാനലില്‍ അവതരിപ്പിക്കുന്ന പരിപാടിയുടെ പേരിനെ സാമ്യപ്പെടുത്തി പരിഹാസധ്വനിയില്‍ ഒരു തലക്കെട്ടുമായി ഗര്‍ഭിണിയായ അവരുടെ ഫോട്ടോയും വച്ചു ആഘോഷിക്കുന്നു. ഈ പറഞ്ഞവരോന്നും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും വന്നവരല്ല എന്നുണ്ടാവുമോ എന്ന് നീലിക്കൊരു സംശയം. സ്വന്തം ഭര്‍ത്താവിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു പ്രസവിക്കാന്‍ ഇവര്‍ തയ്യാറായി എന്നുള്ളതാണ് ഇവര്‍ ചെയ്ത തെറ്റ്‌. ഈ ആഘോഷത്തില്‍ പങ്കുകൊണ്ടവരാരും വിവാഹം കഴിക്കില്ലയെന്നും അഥവാ വിവാഹം കഴിച്ചാല്‍ ഭാര്യ ഗര്‍ഭം ധരിച്ചു പ്രസവിക്കുക എന്ന പരിഹാസ്യമായ കര്‍മ്മത്തിന് ഒരുങ്ങില്ലയെന്നും നീലി വിശ്വസിക്കുന്നു.  അമ്മയെന്ന വാക്കിന്റെ അര്‍ഥം അറിയണമെങ്കില്‍ മനുഷ്യത്വം വേണം. ഗര്‍ഭത്തില്‍ ഉള്ള ഒരു കുഞ്ഞിനെ ഇല്ലാതാക്കാന്‍ എളുപ്പമാണ്, അതിന്റെ ബുദ്ധിമുട്ടുകള്‍ സഹിച്ചു പ്രസവിക്കാന്‍ തയ്യാരാകുരച്ചു പ്രയാസവും.

പിന്നീട് നീലി കാണുന്ന മറ്റൊരു കാഴ്ച സ്ത്രീകളുടെ വസ്ത്ര ധാരണ രീതിക്കെതിരെയുള്ളതാണ്. ആണായാലും പെണ്ണായാലും മാന്യമായി വസ്ത്രം ധരിക്കണം. ചിലരുടെ വസ്ത്രധാരണം കാണുമ്പോള്‍ മോശം എന്ന് പറഞ്ഞു പോകുന്നതു ഈ നാട്ടില്‍ അത് ശീലമില്ലാത്തതിനാല്‍ ആവും. അവര്‍ ഇവിടെ വിചിത്ര ജീവിയാകും. തന്റെ ശരീര ഭംഗി നാലാളെ കാണിച്ചേ അടങ്ങൂ എന്ന് വേറെ ഒരു കൂട്ടര് . ഇതിനൊന്നും ചോദിക്കാനും പറയാനും വീട്ടില്‍ ആരുമില്ലേ എന്ന് തോന്നിപ്പോകും. ഈ ആക്ഷേപം സ്ത്രീകളെ കുറിച്ച് മാത്രം പറയുന്നതിനോടും നീലിക്ക് എതിര്‍പ്പുണ്ട്. ജിമ്മില്‍ പോയി മസില്‍ പെരുപ്പിച്ചു വന്നിട്ട് ഇറുകിയ ഷര്‍ട്ടും പാന്റ്സും ഇട്ടു ഇപ്പോള്‍ പൊട്ടും എന്ന പോലെ നില്‍ക്കുന്ന പയ്യന്മാരും ഒട്ടും കുറവല്ല.

ഈ വക വസ്ത്ര ധാരണം കൊണ്ടാണ് സ്ത്രീപീഡനം കൂടുന്നതെന്ന് വേറൊരു കണ്ടുപിടിത്തം. രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ മുതല്‍ എഴുപതുകളില്‍ ഉള്ള വൃദ്ധര്‍ വരെ ഇക്കാരണം കൊണ്ട് പീഡിപ്പിക്കപ്പെടുന്നു എന്നും കൂടി പറയണമെന്നാണ് ഈ കണ്ടുപിടിത്തക്കാരോട് നീലിക്ക് പറയാനുള്ളത്. പത്തും പന്ത്രണ്ടും വയസ്സില്‍ ഉള്ള ആണ്‍ കുട്ടികള്‍ ശാരീരികമായി പീഡിപ്പിക്കപ്പെടുന്നതിനൊക്കെ എന്ത് കാരണം പറയണം. വസ്ത്രധാരണം പണ്ട് കാലത്തേക്കാള്‍ എത്രയോ മാന്യമായിട്ടുണ്ട് . സിനിമകളില്‍ പോലും പണ്ടത്തെ നടിമാരുടെ വേഷത്തെ അപേക്ഷിച്ചു എത്രയോ മാന്യമാണ് ഇന്ന്. ശരീര പ്രദര്‍ശനം മാത്രം ഉദ്ദേശിച്ചുള്ള സിനിമകള്‍ അല്ല പരാമര്‍ശിച്ചത്. അപ്പോള്‍ മാറ്റം വന്നത് ആള്‍ക്കാരുടെ കാഴ്ച്ചപ്പാടിനാണ്.  ഇറുകിക്കിടക്കുന്ന വേഷത്തില്‍ ഒരു പെണ്ണിനെ കണ്ടാല്‍ നിയന്ത്രണം വിട്ടുപോകുന്നവര്‍ തീര്‍ച്ചയായും ഞരമ്പുരോഗത്തിനു ചികില്‍സ തേടണം.
ഒരു പെണ്ണ് വിവാഹം കഴിക്കുന്നില്ലയെന്നു തീരുമാനിച്ചാല്‍ ‘അവള്‍ കുഴപ്പക്കാരി’ ആണെന്ന് വിധിയെഴുതുന്നു. എന്തെങ്കിലും ഉറക്കെപറയാനുള്ള ചങ്കൂറ്റം കൂടെയുണ്ടെങ്കില്‍ അവള്‍ അഹങ്കാരി. ഫെമിനിസ്റ്റ്‌. സ്ത്രീ സമത്വം ഒന്നും നീലിയുടെ ആവശ്യങ്ങളില്‍ ഇല്ല. ആവശ്യത്തിന് സ്വാതന്ത്ര്യം നീലി അനുഭവിക്കുന്നുണ്ട്, അതില്ലാത്തവരെയോര്‍ത്തു വിഷമവും ഉണ്ട്. എല്ലാ അര്‍ത്ഥത്തിലും സമത്വം നടക്കാത്ത കാര്യം. പക്ഷെ,  സ്ത്രീയും പുരുഷനും ഒരേ പോലെ ചെയ്യുന്ന തെറ്റുകളില്‍ സ്ത്രീയുടെ ഭാഗം കൂടുതല്‍ പൊലിപ്പിച്ചു കാണിക്കപ്പെടുന്നത് അന്യായമല്ലേ? ബസിനുള്ളില്‍ ഉപദ്രവം ഏല്‍ക്കാതെ യാത്ര ചെയ്തിട്ടുള്ള സ്ത്രീകള്‍ വിരളം ആകും. അതിനെതിരെ ശബ്ദം വച്ചാല്‍ ആദ്യം ആ സ്ത്രീയാണ് മറ്റുള്ളവര്‍ക്ക് കാഴ്ചവസ്തു. അത് കൊണ്ട് തന്നെ പലപ്പോഴും പ്രതികരിക്കാതെ ഒഴിഞ്ഞു മാറി പോകുന്നവര്‍ എത്രയാണ്. ചിലര്‍ പറയും ഒരു ‘നോട്ടം’ മതി ഇത്തരക്കാരെ നേരിടാനെന്നു. ചിലപ്പോള്‍ ഫലിച്ചേക്കും എന്നതെയുള്ളൂ അതിനു ഗാരന്റി..   

ഇവിടെ നിയമങ്ങള്‍ പൊതുവേ സ്ത്രീകള്‍ക്ക് അനുകൂലമെന്ന്‍ പറയാറുണ്ട്. സ്ത്രീകള്‍ക്ക് എതിരെയുള്ള അക്രമങ്ങള്‍ക്ക്‌ അവരുടെ മൊഴി മാത്രം മതി. ഇതിനൊരു മറുവശം കൂടിയുണ്ട്. വീടുകളില്‍ പീഡിപ്പിക്കപ്പെടുന്ന ഭൂരിപക്ഷം സ്ത്രീകളും അത് പുറം ലോകമറിയാതെ, പരാതികള്‍ ഇല്ലാതെ സഹിക്കുന്നു. വേറൊരു കൂട്ടര്‍ പുരുഷന്മാരെ എങ്ങനെ ദ്രോഹിക്കാം എന്ന ലക്ഷ്യത്തിനായി ദുരുപയോഗപ്പെടുത്തുന്നു. ചുരുക്കം അര്‍ഹതയുള്ളവരില്‍ ഇത് എത്തുന്നില്ല.


വാല് 
  
നീലിക്ക് കുറെ കൂടി പറയാനുണ്ട് , പിന്നാലെയാവാം :)


34 അഭിപ്രായങ്ങൾ:

  1. നീലിക്ക് കുറെ കൂടി പറയാനുണ്ട് , അതും വരട്ടേ..ലേന്നം ,ആനുകാലികം..

    മറുപടിഇല്ലാതാക്കൂ
  2. നല്ല മനസ്സുള്ളവർ രണ്ടു കൂട്ടരിലും ഉണ്ട്, മറിച്ചും..

    മറുപടിഇല്ലാതാക്കൂ
  3. മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും - http://mljagadees.wordpress.com/2011/02/08/media-and-crime-against-women/
    ടെലിവിഷന്‍ കാണാതിരിക്കുക. ഗുണത്തേക്കാളേറെ ദോഷമാണ് അത് ചെയ്യുന്നത്.

    മറുപടിഇല്ലാതാക്കൂ
  4. പരാക്രമം സ്ത്രീകളോടല്ല വേണ്ടൂ
    എനിക്കാണെങ്കില്‍ പരാക്രമം സ്ത്രീകളോടുമില്ല പുരുഷന്മാരോടുമില്ല
    അതോണ്ട്

    മറുപടിഇല്ലാതാക്കൂ
  5. മുജ്ജന്മത്തില്‍ കൊടുംപാപം ചെയ്തവരാവും സ്ത്രീകളായി ജനിക്കുന്നത്. പണ്ടത്തെ അമ്മൂമ്മമാര്‍ പറയുന്നത് കേട്ടിട്ടുണ്ട് .അതിനോട് വിയോജിക്കുന്നു നീലി...സ്ത്രീ ജന്മം പുണ്യ ജന്മം ... ബാകി നീലിയുടെ കാഴച്ചപ്പാടുകള്‍ പലപ്പോളും ഞാന്‍ എന്നോട് തന്നെ ചോദിചിടുല്ലതാണ്....ബാക്കിയും കൂടി വായിച്ചിട്ട് വിശദമായ അഭിപ്രായം പറയാട്ടോ... :)

    മറുപടിഇല്ലാതാക്കൂ
  6. എല്ലാത്തിനും സ്ത്രീ കൂട്ട് . സ്ത്രീകളുടെ ശത്രു സ്ത്രീ തന്നെയാണ് .നല്ല കുറിപ്പ് ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

    മറുപടിഇല്ലാതാക്കൂ
  8. വളരെ നന്നായി പറഞ്ഞു..സ്ത്രീകള്‍ പബ്ലിക് ഫിഗര്‍ ആണെങ്കില്‍ വഷളത്തരങ്ങള്‍ കൂടുന്നുണ്ട്..

    മറുപടിഇല്ലാതാക്കൂ
  9. ചില കാര്യങ്ങള്‍ സത്യം തന്നെയാണു. സ്ത്രീകള്‍ ഏത് വസ്ത്രം ധരിച്ച് വന്നാലും അവരെയൊന്നു തോണ്ടിയില്ലേല് ഒന്നു ഉരുമ്മിയില്ലേല്‍ ജീവിതം പാഴായിപ്പോയെന്ന്‍ ധരിച്ച് വികാരം കൊണ്ടു നടക്കുന്ന പുരുഷമ്മാര്‍ ധാരാളമുണ്ട്.ഞരമ്പുരോഗികള്‍. പക്ഷേ എല്ലാവരും ആ കൂട്ടത്തിലല്ല. സ്ത്രീകളെ നന്നായി ബഹുമാനിക്കുന്ന അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന കിട്ടണം എന്നു കരുതുന്നവരുമുണ്ട്. ചില സ്ത്രീകളുടെ വസ്ത്രധാരണവും നടപ്പുമൊക്കെ കണ്ടാല്‍ മേല്‍പ്പറഞ്ഞ നല്ല മനസ്ഥിതിക്കാര്‍ പോലും കുടുങ്ങിപ്പോകുമെന്നതും വാസ്തവം. അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഒരു പരിധിവരെ സ്ത്രീകള്‍ ശ്രദ്ധിക്കേണ്ടതുതന്നെയാണു സ്വന്തം സുരക്ഷിതത്വം. അതൊരിക്കലും സ്ത്രീകള്‍ അടിമകളാണെന്ന പുരുഷവര്‍ഗ്ഗ മുന്‍ വിധിയാണേന്നൊന്നും ധരിച്ചുകളയാതിരുന്നാല്‍ മതി.
    ലേഖനം കാലികപ്രസക്തം..

    മറുപടിഇല്ലാതാക്കൂ
  10. സ്ത്രീകളുടെ വസ്ത്രം അവരുടെ ആത്മവിശ്വാസമുയര്‍ത്തുന്നതായിരിക്കണം.കുളിക്കടവിനു സമീപത്തുകൂടെ നടന്നുപോകുന്ന പുരുഷനോട് ഇതോക്കി ഇതോക്കി ഇങ്ങട്ട് നോക്കല്ലി എന്നുപറയുന്നത് പോലെയാകരുത്

    മറുപടിഇല്ലാതാക്കൂ
  11. വളരെ നന്നായി പറഞ്ഞു. പലകാര്യങ്ങളോടും പൂര്‍ണ്ണമായും യോജിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  12. നീലി ചില കാര്യങ്ങള്‍ നന്നായി പറഞ്ഞു, ചിലവ എങ്ങും തൊടാതെ പോയി, കുറച്ചുകൂടി നന്നാക്കാമായിരുന്നു വലിപ്പം കൂടുന്നെങ്കില്‍ ഒന്നിലധികം പാര്‍ട്ട്‌ ആക്കണം എന്നാലും പറയുന്നത് മുഴുവന്‍ ആയി തന്നെ പറയണം. ഭാവുകങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  13. ഒന്നു ചോദിക്കട്ടെ, പണ്ടത്തെക്കാൾ വസ്ത്രധാരണം എത്ര മാന്യമായിട്ടുണ്ട് എന്നെഴുതി കണ്ടു. പണ്ടത്തെ വസ്ത്രധാരണം മോശമായിരുന്നെങ്കിൽ ഇന്നത്തെക്കാൾ കൂടുതൽ സ്ത്രീകൾ അന്ന് ആക്രമിക്കപ്പെടേണ്ടതായിരുന്നില്ലേ ? അങ്ങിനെ സംഭവിച്ചിട്ടുണ്ടായിരുന്നോ ?

    മറ്റൊരു വൈചിത്രം ശ്രദ്ധിച്ചിട്ടുണ്ടോ ? ആഫ്രിക്കയിലെ ആദിവാസി സമൂഹത്തിലെ സ്ത്രീകളും ഇറ്റലിയെ തെരുവിൽ നടക്കുന്ന സ്ത്രീകളും വസ്ത്രം കുറച്ചേയുള്ളു എന്നതിന്റെ പേരിൽ ആക്രമിക്കപ്പെടുന്നില്ല.പുരുഷൻ അതുമായി സമരസപ്പെടുന്നു എന്നുള്ളതല്ലെ കാരണം ?

    മറുപടിഇല്ലാതാക്കൂ
  14. നീലി പറഞ്ഞതിനോട് യോജിക്കുന്നു ,പലപ്പോഴും സ്ത്രീകള്‍ തന്നെ മനോഭാവം മാറ്റിയെടുത്താല്‍ ഒരു പരിധി വരെ പ്രശ്നങ്ങള്‍ കുറയും,എന്ന് വച്ച് പുരുഷന്മാര്‍ തെറ്റുകാരല്ല എന്നല്ല,വേഷ വിധാനം വ്യക്തി സ്വത്രന്ത്യമാണ് ,സ്വയം കംമ്ഫോര്റ്റ്‌ തോന്നുന്ന വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ എന്നിക്ക് തെറ്റ് തോന്നുന്നില്ല,അത് കാണുന്ന പുരുഷന് വികാരം ഉണ്ടാവുനെന്കില്‍ ചികില്‍സ അവനാണ് കൊടുകേണ്ടത് .

    നന്നായി എഴുതി, വീണ്ടും എഴുതുക,എല്ലാ ആശംസകളും !!!!

    മറുപടിഇല്ലാതാക്കൂ
  15. അക്രമിക്കപ്പെടുന്നതിനു വസ്ത്രധാരണം മാത്രം അല്ല ഖടകം... എന്നാല്‍ വസ്ത്ര ധാരണവും ഒരു ഖടകം ആണ്. പൂട്ട്‌ പൊളിച്ചും കള്ളന്‍ അകത്ത്‌ കയറും എന്ന് കരുതി ആരും വാതില്‍ തുറന്നിട്ട്‌ പോവില്ലല്ലോ..

    മറുപടിഇല്ലാതാക്കൂ
  16. നീലി കാര്യം പറഞ്ഞു പക്ഷെ വ്യക്തമായി ഒന്നും പറഞ്ഞില്ല!! ഞാന്‍ ഒന്ന് എഴുതാന്‍ ശ്രമിച്ചിട്ടുണ്ട് മുമ്പ് അതോടെ എന്റെ സദാചാരം പറന്നുപോയതാ...

    മറുപടിഇല്ലാതാക്കൂ
  17. മുഴുവന്‍ ആയില്ലല്ലോ നീലി...

    മറുപടിഇല്ലാതാക്കൂ
  18. വിയോജിപ്പും ഉണ്ട് , യോജിപ്പും ഉണ്ട് , എങ്കിലും നല്ല പോസ്റ്റ്‌ ..ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  19. എല്ലാ ഉദാഹരണങ്ങളോടും യോജിക്കുന്നു എന്നാല്‍ അതുപയോഗിച്ചുള്ള സാമാന്യ വല്കരണത്തോട്‌ ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ വിയോജിക്കുന്നു. വേണമെങ്കില്‍ ഇതിലെ എല്ലാ ആശയത്തിനെയും എതിര്‍ത്ത് വാദിക്കാം പക്ഷെ എവിടെയും എത്തില്ല എന്നത് കൊണ്ട് അതിനു മുതിരുന്നില്ല.

    മറുപടിഇല്ലാതാക്കൂ
  20. നല്ല ചിന്തകൾ.! കള്ളിയങ്കാട്ട് നീലിയാണല്ലേ ? ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
  21. നീലിക്ക് പറയാനുള്ളതൊക്കെ ഒറ്റശ്വാസത്തില്‍ അങ്ങ് പറഞ്ഞ് ഇനിയും തീര്‍ന്നിട്ടില്ല എന്ന മട്ടില്‍ നിര്‍ത്തിയ പോസ്റ്റ്‌ നന്നായി ഇഷ്ടപ്പെട്ടു. വാദങ്ങള്‍ ഒന്നും പുതിയതല്ല, പക്ഷെ ന്യായമാണ്. എഴുത്ത് തുടര്‍ന്നോട്ടെ. ഞാന്‍ ആദ്യമായാണിവിടെ. ഇനിയും വരാം

    മറുപടിഇല്ലാതാക്കൂ
  22. ഈ പറഞ്ഞവരോന്നും അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും വന്നവരല്ല എന്നുണ്ടാവുമോ എന്ന് നീലിക്കൊരു സംശയം. സ്വന്തം ഭര്‍ത്താവിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചു പ്രസവിക്കാന്‍ ഇവര്‍ തയ്യാറായി എന്നുള്ളതാണ് ഇവര്‍ ചെയ്ത തെറ്റ്‌. ഈ ആഘോഷത്തില്‍ പങ്കുകൊണ്ടവരാരും വിവാഹം കഴിക്കില്ലയെന്നും അഥവാ വിവാഹം കഴിച്ചാല്‍ ഭാര്യ ഗര്‍ഭം ധരിച്ചു പ്രസവിക്കുക എന്ന പരിഹാസ്യമായ കര്‍മ്മത്തിന് ഒരുങ്ങില്ലയെന്നും നീലി വിശ്വസിക്കുന്നു. അമ്മയെന്ന വാക്കിന്റെ അര്‍ഥം അറിയണമെങ്കില്‍ മനുഷ്യത്വം വേണം. ഗര്‍ഭത്തില്‍ ഉള്ള ഒരു കുഞ്ഞിനെ ഇല്ലാതാക്കാന്‍ എളുപ്പമാണ്, അതിന്റെ ബുദ്ധിമുട്ടുകള്‍ സഹിച്ചു പ്രസവിക്കാന്‍ തയ്യാരാകുരച്ചു പ്രയാസവും.

    ഈ വക വസ്ത്ര ധാരണം കൊണ്ടാണ് സ്ത്രീപീഡനം കൂടുന്നതെന്ന് വേറൊരു കണ്ടുപിടിത്തം. രണ്ടും മൂന്നും വയസ്സുള്ള കുട്ടികള്‍ മുതല്‍ എഴുപതുകളില്‍ ഉള്ള വൃദ്ധര്‍ വരെ ഇക്കാരണം കൊണ്ട് പീഡിപ്പിക്കപ്പെടുന്നു എന്നും കൂടി പറയണമെന്നാണ് ഈ കണ്ടുപിടിത്തക്കാരോട് നീലിക്ക് പറയാനുള്ളത്. പത്തും പന്ത്രണ്ടും വയസ്സില്‍ ഉള്ള ആണ്‍ കുട്ടികള്‍ ശാരീരികമായി പീഡിപ്പിക്കപ്പെടുന്നതിനൊക്കെ എന്ത് കാരണം പറയണം.

    ഇത്തരം വിഷയങ്ങളിൽ നിന്നുള്ള അകൽച്ച ഞാൻ ഒരു പോസ്റ്റോടെ തുടങ്ങിയതാണ്. മണ്ടൂസനിത്തരം കാര്യങ്ങളിൽ ഒരുന്താത്പര്യവുമില്ലെങ്കിലും, മനസ്സിൽ കാര്യമായി തോന്നിയ വാചകങ്ങൾ ഞാൻ ഇവിടിട്ടിട്ടുണ്ട്.ഇത്തരം വിഷയത്തിൽ നിന്നും അകലാനിടയായ പോസ്റ്റ് ഏതാന്ന് പിന്നീട് പറയാം. ആശംസകൾ നല്ല എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
  23. അതിക്രമം സ്ത്രീ കള്‍ക്ക് എതിരെ മാത്രമല്ല എല്ലാ ദുര്‍ബല വിഭാഗത്തിനും എതിരെ ആണ് ..അതിനു എതിരെ ആണ് പ്രതികരികെകേണ്ടാത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹൃദയം നിറഞ്ഞ ഓണാശംസകള്‍......... ... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌ ...... തുമ്പ പൂക്കള്‍ ചിരിക്കുന്നു........ വായിക്കണേ............

      ഇല്ലാതാക്കൂ
  24. പറഞ്ഞതത്രയും ശരിയാണ് നീലി.ഞാനൊരു ഫെമിനിസ്റ്റ് അല്ല ആകാന്‍ ആഗ്രഹവുമില്ല.പക്ഷെ ഒന്നുണ്ട് എവിടെയും എന്തെങ്കിലും ഒന്ന് നടന്നാല്‍ അതിനോട് പ്രതികരിക്കാതെ നടക്കുക എന്നതാണ് നമ്മുടെ സാദാചാരം എന്നാ രീതിയിലാണ്‌ ഇപ്പോഴും ചില പെണ്‍കുട്ടികളെ വളര്‍ത്തുന്നത്.അതില്‍ നിന്ന് മാറിയാല്‍ നമ്മുടെ ചുറ്റുമുള്ള ഈ സമൂഹം തന്നെ സദാചാര പോലിസ് ആകും. ചെയ്തത് ശരിയായില്ല ചെയ്ത രീതി ശരിയായില്ല പറഞ്ഞത് കൂടിപോയി എന്നൊക്കെ പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
  25. Iniyum parayathe baki vacha enthokeyo ulla pole... Adutha postil kooduthal pratheekshikunnu.

    Regards
    village girl

    മറുപടിഇല്ലാതാക്കൂ
  26. നീല്യെ... കുറെ നാളായി ഈ വഴി വന്നിട്ട്. പോസ്റ്റ്‌ വായിച്ചു കഴിഞ്ഞപ്പോ ഞാനോര്‍ത്തു നീലിയെ ഇവിടാരും മിച്ചം വെച്ചിട്ടുണ്ടാവില്ലാന്ന്‍ :)
    പക്ഷെ പെണ്ണാണേലും യക്ഷിയാണേല്‍ ആരും അധികം അങ്ങോട് ആക്രമിക്കുലാന്ന്‍ മനസിലായി..
    ബാക്കി പോരട്ടെ.. :)

    മറുപടിഇല്ലാതാക്കൂ
  27. വായിച്ചു തുടങ്ങിയപ്പോള്‍ എന്തോ പുതിയ കാര്യം പറയുന്നു എന്ന് കരുതി. പിന്നെ നിരാശയായി. കുറച്ചു നാളുകളായി കേള്‍ക്കുന്ന കാര്യം തന്നെ നീലി എടുത്തുപറഞ്ഞു. ഇതിനു പോംവഴി എന്ത് എന്ന് ചിന്തിച്ചുകൂടെ ? ഇന്ന് വിലകുറഞ്ഞ ഹാസ്യത്തിനായി ചാനലുകളില്‍ സ്ത്രീയെ കൊമാളിവേഷത്തില്‍ കാണിക്കുന്നു എന്നത് ശരിയാണ് . അതിനെതിരെ ഒരു പെണ്ണും പ്രതികരിക്കുന്നില്ല . ഇന്നും ബസ്സില്‍ അക്രമിക്കപ്പെടുന്നതിന് എതിരെ പ്രതികരിക്കുന്നില്ല . വനിതാ മാസികയില്‍ കോളം എഴുത്തില്‍ കഴിയുന്നു പ്രതിഷേധം . ഇനിയെങ്കിലും നീലിയും കൂട്ടരും മാറി ചിന്തിക്കു . പ്രതികരിക്കുവാന്‍ ഒരു നെറ്റ് വര്‍ക്ക്‌ ഉണ്ടാക്കികൂടെ ?

    മറുപടിഇല്ലാതാക്കൂ
  28. പിന്നാലെ പറയാം എന്ന് പറഞ്ഞു.. ഇനി ഇത് കേള്‍ക്കാന്‍ പിന്നാലെ വരണോ?

    മറുപടിഇല്ലാതാക്കൂ