2012, ഓഗസ്റ്റ് 6, തിങ്കളാഴ്‌ച

'റെയ്നി' എന്ന 'അമ്മ'

സ്വാതി കൃഷ്ണയെ ആരും മറന്നിട്ടില്ല, മറക്കാനുള്ള നേരമായില്ല. ഈ സംഭവത്തിന്റെ അലകള്‍ അടങ്ങിയിട്ടില്ല. ആ കുട്ടി ചിരിച്ചുകൊണ്ടുള്ള പടം പത്രത്തില്‍ കണ്ടപ്പോഴേ നീലിക്ക് മനം നിറഞ്ഞു. ആശുപത്രിയില്‍ നിന്ന് വീട്ടിലേക്കു മാറിഎന്നുള്ള വാര്‍ത്തയെല്ലാം എന്തൊരു ആശ്വാസമാണ് നല്‍കിയത്. അതിന്റെ ഫലമായി സര്‍ക്കാരും അവയവദാനത്തിലെ നൂലാമാലകള്‍ക്ക് ഒരു തീരുമാനമാക്കുമെന്നു വിശ്വസിക്കാം.  ഒരുപാട് ആളുകളിലേക്ക് ഈ സന്ദേശമെത്തിക്കാന്‍ മലയാളത്തിന്റെ സൂപ്പര്‍താരം വരെ   സന്നദ്ധനായി എന്നതും വലിയ കാര്യം തന്നെ.

നീലിക്ക് പറയാനുള്ളത് 'റെയ്നി' എന്ന സ്വാതിയുടെ 'അമ്മ'യെക്കുറിച്ചാണ്. എന്തു കൊടുത്താലാണ് അതിനു പകരമാകുക. സാമ്പത്തികനേട്ടങ്ങളോ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളോ ഇല്ലാത്ത, തികച്ചും സ്നേഹം എന്ന വികാരം മാത്രം നയിച്ച ഒരു പ്രവൃത്തി .   അനന്തരഫലങ്ങളെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ ഇങ്ങനൊരു മഹനീയ കര്‍മ്മം ചെയ്യാന്‍ മനസ്സ് കാട്ടിയ ആ 'അമ്മ'യെ നമസ്കരിക്കാന്‍ നീലിക്ക് തോന്നിപ്പോയി.ഒപ്പം അതിനു പിന്തുണ നല്‍കിയ അവരുടെ ഭര്‍ത്താവും ആ നന്മയില്‍ പങ്കാളിയായി.

അച്ഛനമ്മമാര്‍ക്കോ മക്കള്‍ക്കോ ഭാര്യയ്ക്കോ ഭര്‍ത്താവിനോ വേണ്ടി ഇങ്ങനൊരു കര്‍മ്മം ചെയ്യാന്‍ പലരും സന്നദ്ധരാകുന്നുണ്ട്. പക്ഷെ, സഹോദരിപുത്രിക്കു വേണ്ടി എത്ര പേര്‍ തയ്യാറാകും. (ശ്രീ.കൊച്ചുസേഫ്‌  ചിറ്റിലപ്പിള്ളിയെയും അദ്ദേഹത്തിന്റെ മനസ്സിനെയും വിസ്മരിച്ചല്ല, അത് തികച്ചും പൂജനീയമായ മഹത്തായ പ്രവൃത്തി. അതിനു പകരം വയ്ക്കാനും ഒന്നുമില്ല . )

റെയ്നിയെക്കുറിച്ച് നീലിക്ക് ഒന്നുമറിയില്ല. വലിയ സാമ്പത്തികം ഒന്നുമില്ലാത്ത ഒരു സാധാരണ സ്ത്രീ. അവര്‍ക്ക് കുട്ടികളുണ്ടോയെന്നോ അവരെ പരിചരിക്കാന്‍ ആളുണ്ടോയെന്നോ ഒന്നുമറിയില്ല. അറിയാന്‍ ആഗ്രഹവുമില്ല. പിറ്റേന്ന് കീറിമുറിക്കപ്പെടാനുള്ള തന്റെ ശരീരവുമായി മെഡിക്കല്‍ ബോര്‍ഡിന്റെ മുന്നില്‍ ഓടി പാഞ്ഞു നടന്ന സ്ത്രീ. ഓരോ ഡിപ്പാര്‍ട്ട്മെന്റിന്റെ മുന്നിലും തന്റെ ആരോഗ്യം മെച്ചമാണെന്നു തെളിയിക്കാന്‍ ഓടി നടന്നു കാണും. ഹൃദയം,ശ്വാസകോശം, കണ്ണ് , മനസ് എല്ലാം ആരോഗ്യപൂര്‍ണ്ണമാണെന്നു ബോധിപ്പിക്കണം. രോഗികള്‍ക്ക് ചെയ്യുന്ന എല്ലാ ടെസ്റ്റും ചെയ്ത് ! എന്തൊരു ഓട്ടം !!

മണിക്കൂറുകള്‍ നീളുന്ന സര്‍ജറിക്കൊടുവില്‍ നഷ്ടപ്പെട്ടുപോയ ദിവസം അറിയാതെ കണ്ണ് തുറന്നപ്പോള്‍ ചുറ്റിലും കണ്ട സന്തോഷമുള്ള മുഖങ്ങള്‍ ആയിരുന്നിരിക്കാം വലിയ നേട്ടം. ഐ സി യു വില്‍ ആ നീണ്ട മുറിയുടെ അറ്റത്തായി പ്രത്യേകമുള്ള അണുവിമുക്തമാക്കപ്പെട്ട മുറിയില്‍ തന്റെ കരള്‍ തുടിക്കുന്നത് അറിഞ്ഞ സന്തോഷം മറ്റെല്ലാവേദനയും തണുപ്പിച്ചു കാണും. ശരീരമാസകലം ട്യൂബുകളുമായി വേദനകളെല്ലാം മറക്കാനുള്ള വേദനസംഹാരികള്‍ക്ക് നല്‍കാന്‍ കഴിയുന്നതിലേറെ ആശ്വാസം.

സാധാരണ ജീവിതത്തിലേക്ക്‌ വളരെ പെട്ടെന്നുതന്നെ അവര്‍ തിരിച്ചു വന്നു കാണും, അല്ലെങ്കില്‍ വരും. നാളുകള്‍ കഴിയുമ്പോള്‍ എല്ലാവരും മറക്കും, ശരീരത്തിലെ പാട് മാത്രമേ അവര്‍ക്കൊരു പ്രത്യേകത ആയി തോന്നൂ,. പക്ഷെ,താന്‍ കരളു പറിച്ചു കൊടുത്ത തന്റെ സഹോദരിപുത്രിയുടെ ജീവിതം കണ്ടു കിട്ടുന്ന സന്തോഷം എന്നേയ്ക്കും നിലനില്‍ക്കും.

ഇതൊക്കെ കണ്ടു കൂടുതല്‍ മനുഷ്യര്‍ മുന്നോട്ടു വരുമെന്ന് നീലിയും ആഗ്രഹിക്കുന്നു.


കുഞ്ഞൂസിന്റെ ഈ പോസ്റ്റില്‍ നിന്നും ഉയിര്‍ത്ത ചിന്തകള്‍ ആണ്.

   

          

9 അഭിപ്രായങ്ങൾ:

 1. അങ്ങനെ മനുഷ്യര്‍ മറ്റുള്ളവര്‍ക്കു കൊടുത്തു മുടിയുന്നതിനെയാണു മനുഷ്യത്വം എന്നു പറയുക. അല്ലാതെ പിടിച്ചു വെക്കുന്നതിനെയല്ല...പിടിച്ചു വെച്ചതിന്‍റെ അളവും കണക്കുമാണു എല്ലാവരും ദാ, ഇത്രയുണ്ട്, ദാ, അവിടെയുണ്ട് , ഈ വലിയ ഭരണീലുണ്ട്, ആ പത്തായത്തിലുണ്ട് എന്ന് ഊറ്റത്തോടെ പറയാറുള്ളതെങ്കിലും.....
  അവര്‍ക്ക്, ആ അമ്മയ്ക്ക് ദീര്‍ഘായുസ്സും ആരോഗ്യവും ക്ഷേമവും ഉണ്ടാകട്ടെ.
  നന്നായി എഴുതി, അഭിനന്ദനങ്ങള്‍ കേട്ടോ

  മറുപടിഇല്ലാതാക്കൂ
 2. ഒരു സഹോദരിയുടെ സ്നേഹം അല്ലേ അത്.പൊക്കിൾക്കൊടിബന്ധം. സ്വന്തം സഹോദരിയുടെ ദു:ഖം സ്വന്തം ദുഖമായ നിമിഷം.നമിക്കുന്നു ആ മഹാ മനസ്സിനേ.....

  മറുപടിഇല്ലാതാക്കൂ
 3. ഇരുളില്‍ ഒരു രജതരേഖ്അപോലെ എന്നൊക്കെ പറയേണ്ടുന്നത് ഇത്തരം സ്നേഹപ്രവൃത്തികളെപ്പറ്റിയല്ലേ...?


  നീലി നന്നായിട്ടെഴുതുകയും ചെയ്തു.

  മറുപടിഇല്ലാതാക്കൂ
 4. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

  മറുപടിഇല്ലാതാക്കൂ
 5. >>താന്‍ കരളു പറിച്ചു കൊടുത്ത തന്റെ സഹോദരിപുത്രിയുടെ ജീവിതം കണ്ടു കിട്ടുന്ന സന്തോഷം എന്നേയ്ക്കും നിലനില്‍ക്കും<<
  അതെ ആ സന്തോഷം എന്നും നിലനില്‍ക്കാന്‍ വേണ്ടി ആ അമ്മക്ക് ആയുസ്സും ആരോഗ്യവും ഉണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കാം ...നീലി നന്നായി എഴുതീ ട്ടോ ..!
  ഇത് വായിച്ചപ്പോള്‍ ഒരു കരള്‍മാറ്റ ശസ്ത്രക്രിയയില്‍ ജീവിതം തിരിച്ചു കിട്ടാതെ പോയ ജാസ്മി എന്റെ ഒരു ബന്ധുവാണ് ... ആ മരണം ന്റെ കണ്മുന്നില്‍ നിന്നും ഇനിയും മാറീട്ടില്ല ...ഈ ലിങ്കില്‍ പോയി നോക്കുക സമയം കിട്ടുമ്പോള്‍ ..
  http://www.thejasnews.com/index.jsp?tp=det&det=yes&news_id=201206128143200953

  മറുപടിഇല്ലാതാക്കൂ
 6. ഭൂമിയില്‍ ഇനിയും മാലാഖമാര്‍ ഉണ്ട്...

  നല്ല ശൈലി..

  മറുപടിഇല്ലാതാക്കൂ
 7. കരുണയും സഹജീവി സ്നേഹവും തീര്‍ത്തും നഷ്ടപ്പെട്ടിട്ടില്ലെന്ന് അനുഭവപ്പെടുത്തുന്നു ...
  ആ അമ്മയുടെ സന്തോഷം സ്വാതിയുടെ ജീവിതത്തില്‍ പ്രതിഫലിക്കട്ടെ...

  മറുപടിഇല്ലാതാക്കൂ
 8. കുഞ്ഞുസിന്റെ പോസ്റ്റും വായിച്ചിരുന്നു...

  മനുഷ്യര്‍ക്ക്‌ ബോധവല്കരണം കൂടി ആവശ്യം

  ആണ്‌..പലരും ഒരു കാലത്ത് രക്തം കൊടുക്കാന്‍

  മടിച്ചിരുന്നു...കൊടുക്കാതിരുന്നാലും പാഴായിപ്പോവും.

  കൊടുത്താലും വീണ്ടും ഉണ്ടാവും എന്നൊക്കെ ഒന്ന് മനസ്സിലാക്കി

  കൊടുക്കാന്‍ എത്ര വര്‍ഷങ്ങള്‍..ഇപ്പോഴും സംശയം ഉള്ളവര്‍...

  ഇതിനിടയില്‍ ഇത്രയും വലിയ കാര്യങ്ങള്‍ ‍ ചെയ്യുക മഹത്തരം

  തന്നെ...

  മറുപടിഇല്ലാതാക്കൂ