ഒരു കാലത്ത് നാം നേരിടുന്ന പ്രധാന പ്രശ്നം ‘കീടാണു’ ആണെന്നാണ് ടെലിവിഷന്‍ മനസ്സിലാക്കി തന്നിരുന്നത്. തറയില്‍ കീടാണു.....ശരീരത്തില്‍ കീടാണു....പല്ലില്‍ കീടാണു ...ടോയ്‌ലറ്റില്‍ പിന്നെ അതുമാത്രം. അവയ്ക്കെതിരെ സോപ്പ് കമ്പനിക്കാരുടെയും ടൂത്ത്‌പേസ്റ്റുകാരുടെയും സമരം വിജയിചിട്ടാണോ അതോ കീടാണുക്കളെല്ലാം ഒളിച്ചോടിയിട്ടണോ ,ഇപ്പോള്‍ അത്ര ഭീകരമല്ല അവസ്ഥ.(ടി വി യിലെ , നാട്ടിലെയല്ല) എന്ന് തോന്നുന്നു.
കഷണ്ടി മാറ്റിയും തൊലി വെളുപ്പിച്ചും അഴകളവുകള്‍ കൃത്യമാക്കിയും സുന്ദരികളെയും സുന്ദരന്മാരെയും പടച്ചെടുക്കാനുള്ള മത്സരമാണ് ഇപ്പോള്‍ . നിറം കുറഞ്ഞവരും മുടികുറഞ്ഞവരുമൊന്നും ഒരുകാലത്തും ഇവിടെ ജീവിച്ചിരുന്നില്ലെന്നും ഇനി ഉണ്ടാവാന്‍ പാടില്ലെന്നും തോന്നിപ്പോകും. അപകര്‍ഷതാബോധം വളര്‍ത്താനും സായിപ്പിന്റെ സംസ്കാരത്തിലേക്ക് പോകാനും മാത്രം ലക്ഷ്യമിട്ടുള്ള കുറെ പരസ്യകൂത്തുകള്‍ . ഇവയൊക്കെ വാങ്ങി പരീക്ഷിച്ചാല്‍ വെളുക്കുമെന്നു ഉറപ്പ് , കുടുംബമാണെന്നു മാത്രം.
വേറൊരു കൂട്ടര്‍ക്കു മുടി വളര്‍ത്തി അഴിച്ചിട്ട് ശക്തി കൂട്ടാം. പക്ഷെ, മുടിയില്ലെന്കില്‍ ജീവിതമില്ലയെന്ന രീതിയിലുള്ള പ്രഭാഷണങ്ങള്‍ അസഹ്യം. മുടി കൂടുതലുള്ളവര്‍ വളര്‍ത്തട്ടെ, ആണ് ആണും , പെണ്ണ് പെണ്ണുമായി നടക്കട്ടെ. യാത്രയ്ക്കിടയില്‍ വേറൊരാളുടെ പോയിട്ട് സ്വന്തം മുടി തന്നെ മുഖത്ത് പറന്നു വീഴുന്നത് എന്തൊരു അസ്വസ്ഥതയാണ്.നീളന്‍ മുടി ഉള്ളവര്‍ അത് വൃത്തിയായി കൊണ്ടുനടക്കട്ടെ, നയനാനന്ദകരം. രാവിലെ ജോലിക്കു പോകുന്ന സാധാരണ സ്ത്രീകള്‍ ദിവസം എത്ര സമയമാണിതിനു വേണ്ടി കളയുന്നത്. ഒന്ന് മുറിച്ച് നോക്കണം. എത്രയാ സമയം ലാഭം.
സ്ത്രീകള്‍ മുടി വളര്ത്തുകയെന്നത് ഇന്നും ഇന്നലേം തുടങ്ങിയ പതിവൊന്നുമല്ല. നീണ്ട മുടി കണ്ടു കുളിര് കോരണമെന്നു ആഗ്രഹമുള്ള പുരുഷനമാര്‍ക്ക് ഉണ്ണുന്ന ചോറില്‍ ഒന്ന് കണ്ടാലോ .
പിന്നെ നിറത്തിന്റെ കാര്യം, അത് ആണിനും പെണ്ണിനും ഒരുപോലെ ബാധകമാണ്. കണ്ട ഫെയര്‍നെസ്സ് ക്രീമെല്ലാം വാങ്ങി പൂശി തൊലി കേടാക്കി , വിളറിയ നിറത്തിലേക്കുള്ള താല്‍ക്കാലിക മാറ്റം . സ്വന്തം നിറം മാറ്റി ഗോതമ്പ് നിറമാക്കാനുള്ള തത്രപ്പാടിലാന്നു കേരളം. നിറം കുറഞ്ഞവരിലുള്ള അപകര്‍ഷതാ ബോധത്തിന്റെ കൂടുതലാകാം ഈ ഉല്‍പ്പന്നങ്ങളെ ഇത്ര ചെലവാക്കുന്നത്.പണ്ടും ത്വക്കിന്‍റെയും മുടിയുടെയും സ്വാഭാവിക ആരോഗ്യത്തിനുള്ള പൊടിക്കൈകള്‍ ആണും പെണ്ണും ഒരുപോലെ ശീലിച്ചിരുന്നു.
വെളുപ്പിക്കലും മുടി നീട്ടലും , എന്തിനു പ്ലാസ്റ്റിക് സര്‍ജറിയും കഴിഞ്ഞു സുന്ദരീ സുന്ദരന്മാരായി നടക്കുന്നവരെ കണ്ടാലോ....പലതിനെയും സഹതാപത്തോടെയെ നോക്കാന്‍ കഴിയു. കുറ്റിച്ചൂല്‍ പോലെയുള്ളതോ ഇലക്ട്രിക് ഷോക്കടിച്ചപോലെയോ ഉള്ള തലമുടിയും ബ്യൂട്ടി പാര്‍ലറിലിട്ടശരീരവും , കൂടെ വായില്‍ നിന്ന് വീഴുന്ന കൃത്രിമ മലയാളവും. അതെ, കേരളം മാറുകയാണ് , മുന്നേറുകയാണ്. ശക്തിയുള്ള , സൌന്ദര്യമുള്ള ഒരു ജനതയായി. സ്നേഹം മാത്രം ഉറവ വറ്റിപ്പോയിട്ടു ...
ഇതൊക്കെ ഒരു പക്ഷെ, നീലിയുടെ കാഴ്ചപ്പാടിന്റെ കുഴപ്പമാകാം. പക്ഷെ, പറയാതെ വയ്യ.
വാല്‍ക്കഷണം
“നന്നാവൂല്ല നീ നന്നാവൂല്ല ചീറ്റി വരും ശൂര്‍പ്പണഖേ നന്നാവൂല്ല “
എന്തേ ഇന്നത്തെ പാട്ടുകള്‍ക്ക് ഇങ്ങനെയൊരു വ്യത്യാസം. ആലോചിച്ചപ്പോള്‍ കിട്ടിയ ഉത്തരം , പിന്നെ ഈ കാണുന്ന കോലങ്ങളെ നോക്കി എങ്ങനെ “അനഘ സങ്കല്പ ഗായികേ മാനസ മണി വിപഞ്ചികാ വാദിനീ ...” എന്ന് പാടും എന്ന് തന്നെ.